രാജസ്ഥാനില്‍ 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്.രാജസ്ഥാനിലെ ജലോറില്‍ വ്യാഴാഴ്ച രാവില പത്തുമണിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് നാല് വയസ്സുകാരനായ അനിലിൻറെ അച്ഛൻ നാഗറാമിൻറെ കൃഷിസ്ഥലത്ത് കുഴൽകിണർ കുഴിച്ചത്. കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേയാണ് അനിൽ അപകടത്തില്‍പ്പെട്ടത്.

കുട്ടി കിണറിലേക്ക് വീഴുന്നത് കാണാനിടയായ അയൽവാസി ഒച്ച വെച്ച് ആളെ കൂട്ടിയതിനാൽ ഉടൻ രക്ഷാപ്രവർത്തനങ്ങൾ നടത്തനായി. ദേശീയ ദുരന്തനിവാരണ സേനയടക്കം നിരവധിപ്പേര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ രക്ഷിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്.

കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് ഓക്‌സിജന്‍ സഹായം നല്‍കിയിരുന്നു. പൈപ്പ്‌ലൈന്‍ വഴിയാണ് കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചത്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.