ന്യൂഡല്‍ഹി : അതിതീവ്രതയിലായ കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാന്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം യു.എസും. ആറ് വിമാനങ്ങളിലായി യു.എസ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളും അടിയന്തര സഹായങ്ങളും എത്തിച്ചു. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ യു.എസ് സര്‍ക്കാര്‍ 100 മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. ഈ കൊവിഡ് പ്രതിസന്ധിയിലെ ഉയര്‍ന്നുവരുന്ന പ്രവണതകളെ തിരിച്ചറിയാനും പ്രതികരിക്കാനും അമേരിക്ക ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥരുമായും ആരോഗ്യ വിദഗ്ദ്ധരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ സഹായിക്കുന്നതിനായി 20,000 റിമെഡെസിവിര്‍ , ഇന്ത്യയുടെ ഗുരുതരമായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് 1,500 ഓക്സിജന്‍ സിലിണ്ടറുകള്‍, അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ ലഭിക്കുന്ന ഏകദേശം 550 മൊബൈല്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, കേസുകള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിനുമായി ഒരു ദശലക്ഷം റാപ്പിഡ് ഡയഗ്നോസ്റ്റിക് പരിശോധന കിറ്റുകള്‍,
ഒരു സമയത്ത് 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയുന്ന വലിയ തോതിലുള്ള വിന്യസിക്കാവുന്ന ഓക്സിജന്‍ സംവിധാനം എന്നിവയാണ് അമേരിക്കന്‍ സര്‍ക്കാര്‍ അടിയന്തര ഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തിച്ചത്.