അധോലോക കുറ്റവാളി ചോട്ടാരാജൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡൽഹി എയിംസിൽ വച്ചാണ് മരണം. എയിംസിൽ ഛോട്ടാ രാജനു ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എയിംസിലെ മറ്റു രോഗികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നൽകി എന്ന ആരോപണം ഏറെ ചർച്ചയായി.
മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജൻ ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നയാളിൽ നിന്ന് അധോലോക നേതാവായി വളർന്നയാളാണ് ഛോട്ടാ രാജൻ. ശരീരം വിട്ടുനൽകുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.
തീഹാർ ജയിലിൽ കഠിന തടവ് അനുഭവിക്കുകയായിരുന്നു ഛോട്ടാ രാജൻ. ശ്വാസകോശ രോഗിയായ ഛോട്ടാ രാജന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. 14 ദിവസത്തോളം ഛോട്ടാ രാജൻ കൊവിഡ് ബാധിതനായിരുന്നു.