കോവിഡ് മഹാമാരിയുടെ അനന്തര ഫലമെന്നോണം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരായവർ, ഓക്സിജനും, മരുന്നുകളും, ക്ര്യത്യമായി ലഭിക്കാത്തതുമൂലം, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. കേരളത്തിൽ കോവിഡ് മൂലം രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വളരെ ആശങ്കയുളവാക്കുന്നു. അവശ്യമരുന്നുകളുടെ ദൗർലഭ്യവും, രോഗ പ്രതിരോധ കുത്തി വെയ്പ്പുകൾ കൃത്യമായി കിട്ടാത്തതും രോഗികളുടെ എണ്ണം വളരെയധികം വർധിപ്പിക്കാൻ ഇടയായിട്ടുണ്ട്. ആതുരാലയങ്ങളിൽ, ആവശ്യമായ കിടക്കകളും, ശ്വസന സഹായോപകരണങ്ങളും, മരുന്നുകളും ലഭ്യമല്ലാതെ കോവിഡ് ബാധിതർ മരണത്തിനു കീഴ്‌പ്പെടുന്നു.

ഈ സാഹചര്യത്തിൽ കേരളത്തിലെ രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ അടക്കമുള്ളവ ലഭ്യമാക്കുന്നതിനു ഫോമ എല്ലാ സംഘടനകളുമായി ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാൻ തീരുമാനമായി. കോഴിക്കോട്, തൃശൂർ ജില്ലാ കലക്ടറുമാരുമായി കൂടിയാലോചനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് -ജില്ലാ ആശുപത്രികൾ വഴി ആവശ്യമായ രോഗികൾക്ക് സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചത്.
ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും, സിലിണ്ടറുകളും കേരളത്തിലെ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം സാക്ഷാൽക്കരിക്കാനാണ് ഫോമാ ലക്ഷ്യമിടുന്നത്. ഫോമ നേരിട്ടും, ഫോമയുടെ അംഗ സംഘടനകൾ വഴിയും, സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങി ആവശ്യമായവർക്ക് നേരിട്ട് എത്തിക്കുന്നത് രോഗികളായവർക്ക് പരമാവധി പ്രയോജനപ്പെടും എന്ന് ഫോമാ വിശ്വസിക്കുന്നു.

നിരവധി അംഗ സംഘടനകളും വിവിധ ചാരിറ്റി സംഘടനകളും അവർ സമാഹരിച്ച തുക ഫോമയെ ഏൽപ്പിക്കുവാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട് . കൂടുതൽ സംഘടനകൾ ഫോമായുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

രോഗ ബാധിതരായവർക്കും, ചികിത്സ സഹായം ആവശ്യമുള്ളവർക്കും, വാക്സീൻ വേണ്ടവർക്ക് അതു ലഭിക്കുന്നതിനുമുള്ള സഹായമെത്തിക്കുകയും, കിടത്തി ചികിൽസിക്കാനുള്ള സംവിധാനമൊരുക്കുകയെന്നതും കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും രോഗ വ്യപനം തടയുന്നതിനും അത്യന്താപേക്ഷിതമാണ്. രോഗികളുടെ എണ്ണത്തിലുള്ള വർധന ആവശ്യ മരുന്നുകളുടെയും, ഓക്സിജന്റെയും ക്ഷാമത്തിന് കാരണമായിരിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം എല്ലാ മലയാളികളുടെ സഹകരണത്തോടെ മാത്രമേ സാക്ഷാൽക്കരിക്കാനാവൂ.

നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫോമാ ലിങ്ക് അയക്കുക:

https://gofund.me/c668fdc8

പ്രളയവും, ഉരുൾപൊട്ടലും, നിപ്പയും മൂലം തകർന്നു പോയ കേരളത്തെ പുനർനിർമ്മിക്കാൻ ഫോമാ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്കൻ മലയാളികൾ ചെയ്ത സഹായത്തെ ഫോമാ നന്ദിപൂർവ്വം ഈ അവസരത്തിൽ സ്മരിക്കുന്നു.

കോവിഡിനെതിരായ പോരാട്ടത്തിലും മലയാളികളുടം സഹായ സഹകരണം ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർഥിച്ചു