ന്യൂയോർക്ക് ∙ അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്നേഹം മാനവരാശിക്ക് നൽകിയ ദിവ്യപ്രവാചകനെയാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

ജീവിതശൈലി കൊണ്ടും, സകലരെയും ആകർഷിക്കുന്നതും ആദരിക്കുന്നതുമായ സ്നേഹസ്പർശം കൊണ്ടും, മനുഷ്യനും പ്രകൃതിയും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന തിരിച്ചറിവ് സകലർക്കും തന്റെ സന്ദേശത്തിലൂടെ പകർന്നു നൽകിയ ആത്മീയാചാര്യനായ ബിഷപ് ഡോ.മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ എന്നും ചരിത്രത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കും.

വിശാല മാനവികതയുടെ പ്രഘോഷകനായി ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായി സർവ്വ മനുഷ്യരെയും സ്നേഹിക്കുകയും, കരുതുകയും ചെയ്യുന്ന തിരുമേനിയുടെ ജീവിത ശൈലി ഏവർക്കും ഒരു മാതൃകയാണ്. നർമ്മരസത്തിലൂടെ രൂപപ്പെടുത്തുന്നതായ ദൈവീക ചിന്തകൾ മനുഷ്യ ഹൃദയങ്ങളെയും സ്വാധീനിക്കുന്നതാണ്.

1988 മാർച്ച് 1 മുതൽ 1993 വരെ ബിഷപ് ഡോ.മാർ ക്രിസോസ്റ്റം ഭദ്രാസനാധിപനായി പ്രവർത്തിച്ച കാലയളവിൽ ആണ് ആദ്യമായി നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന് ഡയോസിഷൻ സെന്റർ എന്ന പേരിൽ ഒരു ആസ്ഥാനം പെൻസിൽവാനിയായിൽ വാങ്ങുന്നത്. ഈ കാലയളവിൽ തിരുമേനിയുടെ നേതൃത്വം ഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടതും മറക്കാനാവാത്തതും ആണ്.

ഭാരതം പത്മഭൂഷൺ നൽകി ആദരിച്ച ബിഷപ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം മാർത്തോമ്മാ സഭയ്ക്കു മാത്രമല്ലാ ലോകത്തിലെ ആകമാന സഭകൾക്കും തീരാ നഷ്ടമാണെന്ന് ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (ഡബ്ല്യൂസിസി) എക്‌സിക്യൂട്ടിവ് അംഗം കൂടിയായ ബിഷപ് ഡോ.മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.