പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനൻ്റ് ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

നാലാം തവണയാണ് എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് സൂചന .30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടി പുതുച്ചേരിയിൽ ആദ്യമായിട്ടാണ് എൻഡിഎ സർക്കാർ രൂപീകരിച്ചത്.

അതേസമയം, കേരളത്തിൽ എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയിൽ ഇത് സംബന്ധിച്ച ധാരണയായി. 19ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം നടക്കും. നാല് മന്ത്രി സ്ഥാനവുക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണമെന്ന് സിപിഐയുടെ ആവശ്യം. ചീഫ് വിപ്പിൻ്റെ കാര്യത്തിൽ ചർച്ചയാവാമെന്നും സിപിഐ പറഞ്ഞു.

17ന് ഇടതുമുന്നണി യോഗം, 18ന് എല്ലാ പാർട്ടികളും യോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും, 19ന് എൽഡിഎഫ് പാർലമെൻ്ററി യോഗം ചേർന്ന് പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. ആ കാര്യം ഗവർണറെ അറിയിക്കും. ഇതേ തുടർന്ന് ഗവർണർ അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കും. 20ന് സത്യപ്രതിജ്ഞ.