ഷിക്കാഗോ∙ഷിക്കാഗോ സിറോ -മലബാർ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യൻ നെടുവേലി ചാലുങ്കലിനേയും ചാൻസിലറായി റവ. ഡോ. ജോർജ് ദാനവേലിയേയും രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തു നിയമിച്ചു. ആറു വർഷത്തോളമായി ഹൂസ്റ്റൺ ഇടവകയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഫാ. കുര്യൻ. സിസിഡി ഡയറക്ടർ എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ നിയമനം.

നിലവിൽ രൂപതാ ചാൻസിലറായ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ഹൂസ്റ്റൺ സെ. ജോസഫ് ഫൊറോനാ ചർച്ച് വികാരിയായും പ്രൊക്യൂറേറ്റർ റവ. ഫാ. ജോർജ് മാളിയേക്കൽ ഉപരിപഠനാർഥം റോമിലേക്കും പോകുന്ന സാഹചര്യത്തിലാണു പ്രസ്‌തുത നിയമനങ്ങൾ.

അറ്റ്ലാന്റ്റാ സെ. അൽഫോൻസാ ഫൊറോനാ പള്ളി വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് പോകുന്ന റവ. ഫാ. മാത്യു ഇളയിടത്താമഠത്തിനു പകരമായി, ഫിലഡൽഫിയ സെ. തോമസ് ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും ഫിലഡൽഫിയ ഫൊറോനാപള്ളിയുടെ പുതിയ വികാരിയായി ലൊസാഞ്ചൽസ് സെ. അൽഫോൻസാ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലും ചാർജെടുക്കും.

ചങ്ങനാശേരി മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് ലോസ് ആഞ്ചലെസ് സെ. അൽഫോൻസാ പള്ളിയുടെ പുതിയ വികാരി. 2021 ജൂൺ 1 നു പുതിയ നിയമനങ്ങൾ നിലവിൽ വരും.