തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണത്തില്‍ സഖ്യകക്ഷികളുടെ മന്ത്രിമാരെ കുറിച്ച്‌ ഏകദേശം ധാരണയായി. ഇനി എല്ലാ പാര്‍ട്ടികളും ആരൊക്കെ മന്ത്രിമാരെന്നു തീരുമാനം എടുക്കും. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു ധാരണയായി. മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച്‌ അവസാന തീരുമാനം എടുക്കൂ.

സത്യപ്രതിജ്ഞ 20 നു നടത്താനാണ് തീരുമാനം. 19ന് പിന്തുണക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ സന്ദര്‍ശിക്കും.സിപിഐക്ക് 4 മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും. കേരള കോണ്‍ഗ്രസി(എം)നെ പരിഗണിക്കേണ്ട സാഹചര്യത്തില്‍ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും. ഏകാംഗ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന സൂചനയാണ് സിപിഎം സിപിഐ ചര്‍ച്ച നല്‍കുന്നത്. ജോസ് കെ മാണിക്ക് ഒരു മന്ത്രിയും ചീഫ് വിപ്പും നല്‍കും.

എന്‍സിപിക്കും ജെഡിയുവിനും ഓരോ മന്ത്രിമാരാകും ഉണ്ടാവുക. ഏക കക്ഷികള്‍ക്ക് മന്ത്രിമാരില്ലെന്ന സൂചനകളാണ് വരുന്നത്.സിപിഎം 13 മന്ത്രിമാരേയും സ്പീക്കറേയും നിയമിക്കും.എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചര്‍ച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പുവിഭജനത്തില്‍ ഇതുവരെയുള്ള കീഴ്‌വഴക്കങ്ങളും മാറും. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ നയിക്കുന്നത്.

ഇന്നലെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ ചര്‍ച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. 17ന് എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും. അന്നു തന്നെ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിയമസഭാകക്ഷി യോഗങ്ങള്‍ ചേരും.