പരാജയപ്പെട്ടെങ്കിലും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്ന് ന‍ടന്‍ സുരേഷ് ഗോപി. മത്സരങ്ങള്‍ എപ്പോഴും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്നേഹം മാത്രം.’-സുരേഷ് ഗോപി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവില്‍ മൂന്നാംസ്ഥാനത്താവുകയായിരുന്നു. വോട്ടെണ്ണലില്‍ ലീഡ് നേടിയ ശേഷമായിരുന്നു അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എല്‍ഡിഎഫിലെ പി. ബാലചന്ദ്രന് 44, 263 വോട്ടും, യുഡിഎഫ് നേതാവ് പത്മജ വേണുഗോപാലിന് 43,317 വോട്ടും കിട്ടിയപ്പോള്‍ സുരേഷ് ഗോപിക്ക് 40,457 വോട്ടുകളാണ് ലഭിച്ചത്.