തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു. കിടക്കകളില്‍ 80 ശതമാനവും കോവിഡ് രോഗികള്‍ നിറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു. കിടക്കകളില്‍ 238 എണ്ണം മാത്രമാണ് അവശേഷിച്ചത്.

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. കിടക്കകള്‍ നിറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികള്‍ ഐ.സി.യു.വിലുണ്ട്.

818 പേര്‍ വെന്റിലേറ്ററിലുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി 238 വെന്റിലേറ്ററുകളാണ് അവശേഷിക്കുന്നത്.

എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍.
ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ. ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഇവ ഒഴിവില്ല.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി നീക്കിവച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു. കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് അവശേഷിക്കുന്നത്.