തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ദിവസം സര്‍ക്കാറിനെതിരായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ സി പി എമ്മിന്റെ മറുപടി തുടരുന്നു. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബി ജെ പിയുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കൈകോര്‍ത്തുവെന്ന് സി പി എം ജനറല്‍ സെക്രട്ടറി എ വിജരാഘവന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എവുതിയ ലേഖനത്തിലാണ് വിമര്‍ശനം.

സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് സുകുമാരന്‍ നായര്‍ പരസ്യപ്രസ്താവനകള്‍ നടത്തിയത്. വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകുമെന്നും എ വിജയരാഘവന്‍ പറയുന്നു.
തിരഞ്ഞെടുപ്പ് ദിവസം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച്‌ നേരത്തെ മുഖ്യമന്ത്രിയും മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ വിജയരാഘവന്റെ വിമര്‍ശം. എന്നാല്‍ എല്‍ ഡി എഫിനോട് വിരോധമില്ലെന്നും, തിരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിശദീകരണം.