മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. ഇന്ന് 62,194 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 853 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 49,42,736 പേർക്കാണ് സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 73,515 പേർ ആകെ മരണത്തിനു കീഴടങ്ങി.

ഇന്ന് റിപ്പോർട്ട് ചെയ്ത 853 മരണങ്ങളിൽ 331 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. 247 എണ്ണം കഴിഞ്ഞ ആഴ്ചയും ബാക്കി അതിനു മുൻപും നടന്ന മരണങ്ങളാണ്.

57,640 പേർക്കാണ് ഇന്നലെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 920 പേർ മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. മുംബൈയിൽ 3882 കൊവിഡ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ പൂനെയിൽ 9084 കേസുകളും 93 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,980 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 35,55,398 ആയി. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗബാധാ നിരക്കിൽ മുൻപിലാണ്. ഇരട്ട ജനിതക മാറ്റം വന്ന വൈറസാണ് രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് വ്യാപനത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ മാസത്തോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് നാല് ലക്ഷത്തിന് മുകളിലാകുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. 1.09 ശതമാനമാണ് നിലവിലെ മരണനിരക്ക്.