മന്ത്രി പദവിയെ ചൊല്ലി എൻസിപിയിൽ തർക്കം മുറുകുന്നു. ഈ മാസം 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

രണ്ടാം പിണറായി മന്ത്രിസഭയിൽ എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. പുതുമുഖങ്ങൾക്ക് അവസരമെന്ന സിപിഐഎം നയത്തിന് എൻസിപിയിലും തുടർച്ച വേണമെന്നാണ് തോമസ്.കെ.തോമസിനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. കഴിഞ്ഞ തവണ അവസരം ലഭിച്ച എ.കെ. ശശീന്ദ്രൻ മാറിനിൽക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ മുതിർന്ന നേതാക്കളിൽ ഒരുവിഭാഗം ഇപ്പോഴും ശശീന്ദ്രന് പിന്തുണ നൽകുന്നവരാണ്.

കുട്ടനാട്ടിൽ, മുൻമന്ത്രി തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻസിപി തോമസ്.കെ.തോമസിനെ പരിഗണിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കാതിരുന്നപ്പോൾ പിന്നീടുണ്ടായ പൊതു തെരഞ്ഞെടുപ്പിലും ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പരിഗണിക്കുകയായിരുന്നു. എംഎൽഎ എന്ന നിലയിൽ പുതുമുഖമായ തോമസ്.കെ.തോമസിനെ മന്ത്രിയാക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് എ.കെ.ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം.

നേതാക്കൾ ഇരു ചേരിയിലായതോടെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. മന്ത്രി പദവി സംബന്ധിച്ച് തീരുമാനമെടുക്കാൻ ഈ മാസം 18ന് സംസ്ഥാന ഭാരവാഹി യോഗം വിളിച്ചുചേർക്കും. പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുക്കും. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ യോഗം ചേരുന്നതും അനിശ്ചിതത്വത്തിലാകും. പകരം പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തുകയായിരിക്കും പോംവഴി.