ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ മൂല്യം ഉയരുന്നു. ലോക ഫുട്ബോളിലെ നിരവധി മികച്ച താരങ്ങൾ മുൻപ് ഐഎസ്എലിൻ്റെ ഭാഗമായിട്ടുണ്ട്. ആ പതിവ് ഇപ്പോൾ എത്തിനിൽക്കുന്നത് സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യയിലാണ്. ഒഡീഷ എഫ്സിയുമായാണ് വിയ്യ കൈകോർത്തിരിക്കുന്നത്. ഒഡീഷ എഫ്സിയുടെ ഗ്ലോബൽ ഫുട്ബോൾ ഓപ്പറേഷൻസ് തലവനായാണ് വിയ്യയുടെ ഐഎസ്എൽ അരങ്ങേറ്റം. ഒഡീഷ എഫ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ കളിച്ചിട്ടില്ലെങ്കിലും 20 വർഷത്തെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ തനിക്കുണ്ടെന്ന് വിയ്യ പറഞ്ഞു. ആ അനുഭവം പകർന്നുനൽകാൻ ശ്രമിക്കും. ഒപ്പം കളിച്ചിട്ടുള്ള മികച്ച താരങ്ങൾ, കളി പറഞ്ഞുതന്ന മഹാന്മാരായ പരിശീലകർ എന്നിവരൊക്കെ തൻ്റെ അനുഭവജ്ഞാനത്തിനു കരുത്താണ്. വലിയ ടൂർണമെൻ്റുകളിൽ കളിച്ച പരിചയവും തനിക്കുണ്ട് എന്നും വിയ്യ കൂട്ടിച്ചേർത്തു.

🚨Comunicado Oficial 🚨

World Cup winner and Spanish football legend @Guaje7Villa has been brought in by Odisha FC to spearhead our global football operations. 🌏⚽️

(1/2) pic.twitter.com/8XyGBsmof7

— Odisha FC (@OdishaFC) May 6, 2021
“ടീമിനായി കളിക്കുമോ എന്നതായിരുന്നു ഒഡീഷയുടെ ആദ്യ ചോദ്യം. ശരിയായ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇനി കളിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വർഷം ഞാൻ തീരുമാനിച്ചത്. എനിക്ക് ഇപ്പോൾ ഫുട്ബോൾ കളിക്കാനാവില്ലെന്ന് ഞാൻ കരുതുന്നില്ല. കൃത്യമായി പരിശീലനം നടത്തിയാൽ ഇപ്പോഴും എനിക്ക് കളിക്കാനാവും. പക്ഷേ, കളിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച സമയം വളരെ കൃത്യമായിരുന്നു.”- വിയ്യ പറഞ്ഞു.

കഴിഞ്ഞ സീസണിൽ, ടേബിളിൽ ഏറ്റവും അവസാനമാണ് ഒഡീഷ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ ഈ സീസണിൽ മികച്ച തയ്യാറെടുപ്പുകളാണ് ഒഡീഷ നടത്തുന്നത്.

വലൻസിയ, ബാഴ്സലോണ, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങി നിരവധി ക്ലബുകൾക്കായി വിയ്യ കളിച്ചിട്ടുണ്ട്. മൂന്ന് വീതം ലാലിഗ, കോപ്പ ഡെൽ റേ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്. 2010 ഫുട്ബോൾ ലോകകപ്പും വിയ്യ സ്വന്തമാക്കി.