മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ് ചാൻസിലർമാർക്കയച്ച കത്തിൽ നിർദ്ദേശിച്ചു.

കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഏറ്റവും പ്രധാനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, വിദ്യാഭ്യാസ മന്ത്രാലയം, യുജിസി എന്നിവ നൽകുന്ന എല്ലാം മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാമെന്നും ഉറപ്പുണ്ടെങ്കിൽ ഓൺലൈൻ പരീക്ഷ നടത്താം എന്നാണ് യുജിസിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ സ്ഥാപനമേധാവികളാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി. കേന്ദ്ര ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങൾക്കും മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.