രാജ്യത്ത് ഓക്സിജൻ ഓഡിറ്റ് ആവശ്യമാണെന്നും, ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സൂചിപ്പിച്ച് സുപ്രിംകോടതി. കുട്ടികൾക്കും വാക്സിനേഷൻ നൽകേണ്ടതുണ്ട്. ഇപ്പോൾ തയാറാകാൻ തുടങ്ങിയാൽ മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൊവിഡ് പോരാട്ടത്തിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് ഇൻസെന്റീവായി നീറ്റ് പിജി പരീക്ഷയ്ക്ക് അധിക മാർക്ക് നൽകണമെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഗണിക്കവേയാണ് രാജ്യവ്യാപക സാഹചര്യം കോടതി സൂചിപ്പിച്ചത്. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്നു. ഇപ്പോൾ തയാറാകാൻ തുടങ്ങിയാൽ കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഓക്സിജൻ സ്റ്റോക്ക് ചെയ്യേണ്ടതുണ്ട്. കുട്ടികളെയും മഹാമാരി ബാധിച്ചേക്കും. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ആശുപത്രിയിലേക്ക് പോകേണ്ടി വരും. അതിനാൽ കുട്ടികൾക്കും വാക്സിനേഷൻ നൽകണമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മൂന്നാം തരംഗം ശാസ്ത്രീയമായ തയ്യാറെടുപ്പോടെ നേരിടണമെന്നും കൂട്ടിച്ചേർത്തു.

ഡൽഹിക്ക് ഇന്നലെ 730 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കിയതായി കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്രതിദിനം 700 മെട്രിക് ടൺ അധികമാണ്. ഡൽഹിക്ക് ആവശ്യമുള്ളതിൽ അധികം ഓക്സിജൻ നൽകുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തെ ബാധിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

എന്നാൽ, കേന്ദ്രസർക്കാർ വാദത്തെ ഡൽഹി സർക്കാർ എതിർത്തു. ഓക്സിജൻ അളവ് വെട്ടികുറയ്ക്കരുത്. കൂടുതൽ ഓക്സിജൻ ബെഡുകൾ ഏർപ്പാടാക്കി. മെയ് പത്തോടെ പ്രതിദിനം 876 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരും. ഓക്സിജൻ ഓഡിറ്റ് വേണ്ടെന്നും, ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറി പോകാൻ സാധ്യതയുണ്ടെന്നും ഡൽഹി സർക്കാർ നിലപാട് വ്യക്തമാക്കി. ഓഡിറ്റിലൂടെ ഡൽഹി സർക്കാരിന്റെ കൈകൾ ശക്തമാക്കുക മാത്രമാണ് ലക്ഷ്യമെന്ന് സുപ്രിംകോടതി പ്രതികരിച്ചു.