ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ടിലെ കൗണ്ടികൾ. ഐപിഎലിനു വേദിയാകാൻ സന്നദ്ധത അറിയിച്ച് എംസിസി, സറേ, ലങ്കാഷൈർ തുടങ്ങിയ കൗണ്ടി ക്ലബുകൾ ബിസിസിഐക്ക് കത്തയച്ചു. വിഷയത്തിൽ ബിസിസിഐ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ബാക്കി മത്സരങ്ങൾ നടത്താൻ യുഎഇ, ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ ബിസിസിഐ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൗണ്ടി ക്ലബുകൾ വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ ഐപിഎലിന് ഇംഗ്ലണ്ട് വേദിയാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.

ഈ വർഷം തീരുമാനിച്ചിരിക്കുന്ന ടി-20 ലോകകപ്പിനു മുൻപ്, സെപ്തംബറിൽ ബാക്കി മത്സരങ്ങൾ നടത്താനാണ് ബിസിസിഐയുടെ ശ്രമം. ആ സമയത്ത് വിദേശ താരങ്ങളെ കിട്ടുമെങ്കിൽ ഐപിഎൽ നടത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയിൽ ഇനി മത്സരങ്ങൾ ഉടനെയൊന്നും നടത്താനാവില്ല എന്ന തിരിച്ചറിവും ബിസിസിഐക്കുണ്ട്. അതുകൊണ്ട് തന്നെ വിദേശ വേദികൾ തന്നെയാണ് ബിസിസിഐ പരിഗണിക്കുന്നത്.

കഴിഞ്ഞ സീസൺ ഒരു പിഴവുകളുമില്ലാതെ യുഎഇയിൽ വച്ച് നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ആദ്യ പരിഗണന യുഎഇയ്ക്കാണ്. എന്നാൽ, സെപ്തംബറിൽ യുഎഇയിൽ ചൂട് കൂടുതലാണെന്നത് ബിസിസിഐ പരിഗണിക്കുന്നു. അതുകൊണ്ടാണ് മറ്റ് വേദികളും പരിഗണനയ്ക്കെടുത്തത്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും പരിഗണയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി എത്തുന്ന ഇന്ത്യൻ ടീം അംഗങ്ങൾ ഈ സമയം ഇംഗ്ലണ്ടിലുണ്ടാവുമെന്നതും വേദി തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയേക്കും.