എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയിൽ ഇത് സംബന്ധിച്ച ധാരണയായി. 19ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം നടക്കും. നാല് മന്ത്രി സ്ഥാനവുക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണമെന്ന് സിപിഐയുടെ ആവശ്യം. ചീഫ് വിപ്പിൻ്റെ കാര്യത്തിൽ ചർച്ചയാവാമെന്നും സിപിഐ പറഞ്ഞു.

17ന് ഇടതുമുന്നണി യോഗം, 18ന് എല്ലാ പാർട്ടികളും യോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും, 19ന് എൽഡിഎഫ് പാർലമെൻ്ററി യോഗം ചേർന്ന് പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. ആ കാര്യം ഗവർണറെ അറിയിക്കും. ഇതേ തുടർന്ന് ഗവർണർ അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കും. 20ന് സത്യപ്രതിജ്ഞ.

ഓരോ പാർട്ടിക്കും എത്ര മന്ത്രി സ്ഥാനം വീതം നൽകണമെന്നായിരുന്നു ഇന്നത്തെ പ്രധാന ചർച്ച. നാല് മന്ത്രിസ്ഥാനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ നിലപാടെടുത്തു. കേരള കോൺഗ്രസ് എം രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണമേ കൊടുക്കാനിടയുള്ളൂ. പകരം അവർക്ക് ഒരു ക്യാബിനറ്റ് പദവി നൽകിയേക്കും. ഒരു അംഗങ്ങൾ മാത്രമുള്ള ആറോളം കക്ഷികളുണ്ട്. ഇവർ എല്ലാവരും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. എന്നാൽ, ഇത് അസാധ്യമായതിനാൽ ചിലർക്ക് മന്ത്രി സ്ഥാനം നൽകിയേക്കും.