റ്റാമ്പാ, ഫ്ലോറിഡ ∙ 2022-24ല്‍ ഫ്ലോറിഡ ഡിസ്‌നി വേള്‍ഡില്‍ നടത്താനുദ്ദേശിക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സ്ഥാനാർഥി ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു. സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഡിസ്‌നി വേള്‍ഡില്‍ പ്രവാസി മലയാളികളുടെ ഒരു സംഗമം എന്നുള്ള ചിരകാല സ്വപ്നം ഇവിടെ യാഥാർഥ്യമാകുകയാണ്.

പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു കണ്‍വന്‍ഷന്‍ പാക്കേജിനാണ് ഫോമ പ്രവര്‍ത്തകര്‍ ഇവിടെ രൂപംകൊടുത്തിരിക്കുന്നത്. ഡിസ്‌നി വേള്‍ഡ് ടൂര്‍ പാക്കേജ്, വൈവിധ്യമാര്‍ന്ന കലാ-കായിക മാമാങ്കങ്ങള്‍, മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന വള്ളംകളി മത്സരങ്ങള്‍ തുടങ്ങിയവ പദ്ധതികളില്‍ ചിലതുമാത്രമാണ്.

ലോകം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആശംസകള്‍ക്ക് പ്രസക്തിയില്ല. എത്രയും വേഗം ഈ മഹാമാരിയെ നാം അതിജീവിക്കും. ആ പ്രത്യാശയോടുകൂടി നമുക്ക് മുന്നോട്ടുപോകാം. അതോടൊപ്പം 2022- 24 കാലഘട്ടത്തിലേക്ക് ഫോമയെ നയിക്കുവാന്‍ നിങ്ങളുടെ ഏവരുടേയും അനുഗ്രഹാശിസുകള്‍ അഭ്യർഥിക്കുന്നുവെന്നും ജയിംസ് ഇല്ലിക്കൽ പറഞ്ഞു.