ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച്‌ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി മമത സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്.

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്രം ‘സമയം പാഴാക്കാതെ’ സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

ബുധനാഴ്ച്ചയാണ് കേന്ദ്രം രണ്ടാമതും സംസ്ഥാനത്തിന് കത്തയക്കുന്നത്. അതേ ദിവസമായിരുന്നു മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മെയ് മൂന്നാം തിയ്യതി സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടിയെങ്കിലും അത് സംബന്ധിച്ച്‌ യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് മമതയെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ കത്ത്.