തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെ കിടത്തി ചികിത്സാ സൗകര്യവും വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറയുന്നു. കിടക്കകള്‍ പോലും കിട്ടാത്ത സ്ഥിതിയാണ് മിക്കയിടത്തും. രോഗവ്യാപനം കൂടുന്നതോടെ സ്ഥിതി അതീവ ഗുരുതരമാവുകയാണെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ 2857 കിടക്കകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. ഇതില്‍ 996ഉം കൊറോണ രോഗികളാണ്. സ്വകാര്യ മേഖലയില്‍ 7085 ഐസിയു കിടക്കകള്‍ ഉണ്ട്. അതില്‍ 1037 എണ്ണത്തില്‍ കൊറോണ രോഗികളാണ്. സര്‍ക്കാര്‍ മേഖലയില്‍ 2293 വെന്റിലേറ്ററുകളില്‍ 441എണ്ണം കൊറോണ രോഗികള്‍ക്കാണ്. എന്നാല്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ ശരിയല്ലെന്നും, സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കയിടത്തും ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ഇല്ലെന്നുമാണ് വിവരം.

കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജ് ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയു ഒന്നും തന്നെ ഒഴിവില്ല. നാല് വെന്റിലേറ്ററുകള്‍ മാത്രമാണ് ഒഴിവുള്ളത്. ഒരാഴ്ചക്കുള്ളില്‍ പരമാവധി 40 ഐസിയു പുതിയതായി സജ്ജമാക്കാനുളള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍. എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലും സ്ഥിതി സങ്കീര്‍ണ്ണമാണ്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.