തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പിന്‍വാതിലിലൂടെ കോവിഡ് വാക്‌സിനേഷന്‍ നടത്തിയെന്ന് ആരോപണത്തിന് മറുപടിയുമായി ചിന്ത ജെറോം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളി എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചതെന്നും ചിന്ത ജെറോം പറഞ്ഞു. കോവിഡ് വാക്‌സിന്‍ എടുത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്നത് കടുത്ത വ്യക്തിഹത്യയാണെന്നും ചിന്ത ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുന്നണിപോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ലെന്നും. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ എല്ലാം തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും വേണ്ടിയാണെന്നും ചിന്ത ജെറോം.

യുവജനകമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്താ ജെറോം വാക്സിനെടുത്തത് നേരത്തോ സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദമായിരുന്നു. നിലവില്‍ കേരളത്തില്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല. മാത്രമല്ല, രജിസ്ട്രേഷന്‍ ചെയ്താല്‍ മാത്രമേ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കൂ. കേരളത്തില്‍ വാക്സിനേഷനുള്ള സ്ലോട്ടുകള്‍ പോലും ലഭ്യവുമല്ല. ആ സാഹചര്യത്തിലാണ് കോവിഡ് മുന്‍നിര പോരാളികളുടെ പട്ടികയില്‍ പെടാത്ത ചിന്ത വാക്സിന്‍ എടുത്തത്. ഇതിന്റെ ചിത്രം ചിന്ത തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ, ചിന്ത ജെറോമിന് പിന്‍വാതിലിലൂടെയാണ് വാക്സിന്‍ കിട്ടിയതെന്നാണ് ആക്ഷേപം ശക്തമായി. സംസ്ഥാനത്ത് പിന്‍വാതില്‍ വാക്സിനേഷന്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് വാക്സിനേഷന്‍ നടത്തിയ വിവരം ചിന്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഇതു സംബന്ധിച്ച കമന്റുകള്‍ പ്രവഹിച്ചതോടെ കമന്റ് ബോക്സ് ചിന്ത പൂട്ടിയിരുന്നു.