പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെട്ട നാലംഗ സംഘത്തെയാണ് സംസ്ഥാനത്തേക്ക് അയച്ചത്. ബംഗാളില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണെന്നും സമയം പാഴാക്കാതെ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ബുധനാഴ്ച നിയുക്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമായിരുന്നു രണ്ടാമത്തെ കത്തയച്ചത്. ആദ്യമയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമതും കത്തയച്ചത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗാള്‍ മുഖ്യമന്ത്രിയായി മമത അധികാരമേറ്റത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോടും കേന്ദ്രം വിശദീകരണം തേടിയിരുന്നു.