ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് അടക്കം വിവിധ ആശുപത്രികളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിത്തുടങ്ങി.

റഷ്യ, അമേരിക്ക, ഇറ്റലി ,തായ്‌ലന്‍റ് തുടങ്ങി പതിനാലിലധികം രാജ്യങ്ങളില്‍ നിന്നാണ് സഹായം എത്തിത്തുടങ്ങിയത്. മരുന്നുകള്‍, ഓക്‌സിജന്‍ സൗകര്യം, വെന്‍റിലേറ്ററുകള്‍ തുടങ്ങിയവയാണ് എത്തുന്നതില്‍ അധികവും.

അമേരിക്കയില്‍ നിന്നുമെത്തിയ പരിശോധന കിറ്റുകള്‍ ദില്ലി സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തി, ഐ.ടി.ബി.പി ആശുപത്രിയിലെ ഇറ്റാലിയന്‍ ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ പണി പൂര്‍ത്തിയായി, അയര്‍ലാന്‍ഡ് നല്‍കിയ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചാണ്ഡിഗഡിലെ സര്‍ക്കാര്‍ ആശുപത്രിക്ക് കൈമാറി.

ഇതിനു പുറമെയാണ് സ്വകാര്യ സംരംഭകരുടെ പിന്തുണയും. ആരോഗ്യ സെക്രട്ടറിക്ക് കീഴിലുള്ള സംഘത്തിനാണ് വിദേശ സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല. സംസ്ഥാനങ്ങളുടെ ആവശ്യവും, അടിയന്തരാവസ്ഥയും കണക്കിലെടുത്താകും സാധനങ്ങളുടെ വിന്യാസം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

പതിനാറു വര്‍ഷത്തെ വിദേശ സഹായ നയം മാറ്റിയപ്പോള്‍ ലഭിച്ചു തുടങ്ങിയ ഈ പിന്തുണ ഇന്ത്യയുമായി ലോകരാജ്യങ്ങളുടെ സൗഹൃദത്തിന്‍റെ തെളിവായാണ് കാണുന്നത് എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഭീതിയുടെ ഒരു മാസത്തിന് ശേഷം ഡല്‍ഹിയിലെ പോസിറ്റിവിറ്റ് നിരക്ക് കുറയുന്നതും വലിയ ആശ്വാസമാകുകയാണ്. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു.

ഏപ്രില്‍ 22 ന് 36.24 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. 976 മെട്രിക് ടണ്‍ ആവശ്യമുണ്ടെങ്കിലും ഡല്‍ഹിയില്‍ ഇപ്പോഴും 433 മെട്രിക് ടണ്‍ മാത്രമാണ് ലഭിക്കുന്നത്.