മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കാറുള്ള നടിയാണ് തൃഷ. താരം അടുത്തിടെയാണ് തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. അതുകൊണ്ട് തന്നെ ജന്മദിനത്തിലും തൃഷയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.

തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള പുത്തന്‍ ചര്‍ച്ചകള്‍ക്ക് പിന്നില്‍ നിര്‍മാതാവ് ചാര്‍മി കൗറിന്റെ ഒരു പോസ്റ്റാണ്. തൃഷയ്ക്ക് ജന്മദിന സന്ദേശം അയച്ച്‌ എത്തിയതായിരുന്നു ചാര്‍മി. ‘പിറന്നാള്‍ ആശംസകള്‍ തൃഷ ബേബി. ഒരു ബാച്ചിലര്‍ എന്ന നിലയില്‍ നിങ്ങളുടെ അവസാന ജന്മദിനമായിരിക്കും ഇതെന്ന് ശക്തമായ തോന്നല്‍ എനിക്കുണ്ട്’ എന്നായിരുന്നു ചാര്‍മി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്.

ഈ ട്വീറ്റ് വൈറലായതോടെ തൃഷയുടെ ആരാധകരും രംഗത്തെത്തി. ആരാണ് നടിയുടെ പങ്കാളിയാവാന്‍ ഒരുങ്ങുന്നത്. വിവാഹം എന്നാണ് തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. പിന്നാലെ തൃഷയുടെ വരനെ തപ്പിയുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഔദ്യോഗികമായി ഇക്കാര്യം നടിയോ അടുത്ത ബന്ധുക്കളോ സ്ഥിരികരിച്ചില്ലെങ്കിലും വൈകാതെ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.