ഈരാറ്റുപേട്ട: പിസി ജോര്‍ജിനെതിരായ ഭീഷണി വീഡിയോക്ക് പിന്നാലെ വിശദീകരണ വീഡിയോയുമായി അമീന്‍ എന്ന യുവാവ് രംഗത്ത്. താന്‍ സിപിഐഎമ്മുകാരനാണെന്നും പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നുമായിരുന്നു അമീന്‍ പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

‘മാപ്പ് പറയണമെങ്കില്‍ അമീന്റെ ദേ. കഴുത്തിലെ ശ്വാസം നിലക്കണം. ഞാന്‍ ഒരു ജിഹാദിയും എസ്ഡിപിഐയും അല്ല. ഓര്‍മ്മവെച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാ.’ യുവാവ് പറയുന്നു.

പിസി ജോര്‍ജിനെതിരായ ആദ്യ ഭീഷണി വീഡിയോയില്‍ ഇനി ഈരാറ്റുപേട്ടയില്‍ കണ്ടാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്നായിരുന്നു പറഞ്ഞത്.

‘ഒരു തെരഞ്ഞെടുപ്പ് ആവുമ്ബോള്‍ ജയവും തോല്‍വിയും ഒക്കെ സ്വാഭാവികമാണ്. പക്ഷെ ഒരു ഈരാറ്റപേട്ടക്കാരന്‍ എന്ന നിലക്ക് എനിക്ക് ഒറ്റ കാര്യമെ പറയാന്‍ ഉള്ളൂ. എംഎല്‍എ എന്ന നിലക്ക് പേട്ടക്കാരെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയിറ്റ് ചെയ്തതാ. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടി തല്ലുന്നത് പോലെ നിന്നെ തല്ലും.’ എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

സംഭവത്തില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. പിസി ജോര്‍ജിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. ഭീഷണിക്ക് മുന്നില്‍ താന്‍ വഴങ്ങില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.