ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ് അയച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്‌നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.

ഡല്‍ഹിക്ക് പ്രതിദിനം 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നലെ കോടതിയലക്ഷ്യ നോട്ടിസ് അയച്ചത്. ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ ജയിലില്‍ ഇട്ടതുകൊണ്ടോ, കോടതിയലക്ഷ്യ നടപടി എടുത്തതുകൊണ്ടോ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്രശ്‌നപരിഹാരമാണ് വേണ്ടതെന്ന് കോടതിയലക്ഷ്യ നോട്ടിസ് സ്റ്റേ ചെയ്ത് കൊണ്ട് കോടതി പറഞ്ഞു. ഡല്‍ഹിയിലെ സാഹചര്യം പരിഗണിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിക്ക് സ്റ്റേ തടസമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തിന്റെ മേല്‍നോട്ടത്തിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സുപ്രിംകോടതി സൂചന നല്‍കി.