ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ വരുന്ന ആഴ്ചകളില്‍ മരണസംഖ്യ ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ജൂണ്‍ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയര്‍ന്നേക്കാമെന്നാണ്
ബെംഗളുരിവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഒരു സംഘം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങടണ്‍ നടത്തിയ പഠനത്തില്‍ ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ മരണ സംഖ്യ 1,018,879 ആയ ഉയര്‍ന്നേക്കുമെന്ന് പറയുന്നു.

അമേരിക്കയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇന്ത്യ അമേരിക്കയെ മറികടക്കും.

ബുധനാഴ്ച 3780 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2,26,188 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്നുമാത്രം 3,82,315 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

അടുത്ത നാല്-ആറ് ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡീനായ ആശിഷ് ഝാ അഭിപ്രായപ്പെട്ടിരുന്നു.

ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ കോവിഡ് നിരക്ക് ചെറിയ രീതിയില്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചുരുന്നു. എന്നാല്‍ 72 മണിക്കൂറിനുളളിലെ ഡേറ്റ നോക്കി ഇത്തരമൊരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.