നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാന്‍ഡാണ് തന്നെ പദവി ഏല്‍പിച്ചത്. എന്ത് നടപടിയും സ്വീകരിക്കാമെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുമെന്നും മുല്ലപ്പള്ളി. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാകളരിയായി മാറുന്ന പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

എന്നാല്‍ ഹൈക്കമാന്‍ഡ് പറയുന്നത് കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നാണ്. തിരിച്ചടിയുടെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്നും ഹൈക്കമാന്‍ഡ് മറുപടി. ഇന്നലെയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കെപിസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയിരുന്നു. കെ സി ജോസഫ് അടക്കം കൂടുതല്‍ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തുന്നുണ്ട്.