മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്ന് വീണ് വന്‍ ദുരന്തം .അപകടത്തില്‍ 20 പേര്‍ മരിക്കുകയും 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു . തിങ്കളാഴ്ച രാത്രിയില്‍ മെക്സിക്കോ സിറ്റിയിലാണ് ദാരുണ സംഭവം .

നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്റ്റേഷന്‍റെ മേല്‍പാലമാണ് തകര്‍ന്നുവീണത്. മേല്‍പാലത്തിന്‍റെ ഭാഗവും മെട്രോ ട്രെയിന്‍ കംമ്ബാര്‍ട്ടുമെന്‍റുകളും നിലം പതിക്കുകയായിരുന്നു. മേല്‍പാലത്തിന് അഞ്ച് മീറ്റര്‍ അടുത്താണ് സതേണ്‍ മെക്സിക്കന്‍ സിറ്റിയിലെ പ്രധാന റോഡ് കടന്നു പോകുന്നത്.അതെ സമയo 2020 മാര്‍ച്ചില്‍ താകുബായ സ്റ്റേഷനില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.