കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിതകള്‍ക്കെതിരെ പ്രചരണത്തിനെത്തിയ നടന്‍ രമേശ് പിഷാരടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. രമേശ് പിഷാരടിക്കെതിരെ നടക്കുന്ന ഫാസിസമാണെന്ന് പിടി തോമസ് പറഞ്ഞു.

എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കില്‍ അത് ന്യായികരിക്കാന്‍ കഴിയുന്നതും അല്ലെന്ന് പിടി തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിടി തോമസിന്റെ പ്രതികരണം. കുറിപ്പിന്റഫെ പൂര്‍ണരൂപം ഇങ്ങനെ.

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരന്‍മാര്‍ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവര്‍ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച്‌ സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കില്‍ അത് ന്യായികരിക്കാന്‍ കഴിയുന്നതും അല്ല, എന്നാല്‍ കോണ്‍ഗ്രസിനുംയുഡിഎഫിനും വേണ്ടി പ്രവര്‍ത്തിച്ചവരെ പ്രത്യേകിച്ച്‌ സിനിമക്കാരെയും – കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിയിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം.

ഇത് ഫാസിസമാണ്…

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച്‌ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. കലാകാരനും സാഹിത്യകാരനുമായാല്‍ അവര്‍ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കള്‍ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കളെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്‌കാരം.