കൊല്‍ക്കത്ത നൈ‌റ്റ്‌റൈഡേഴ്‌സിലെ കളിക്കാര്‍ക്ക് കൊവിഡ് പിടിച്ചതിന് പുറമേ കൂടുതല്‍ ടീമുകളിലെ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് പതിനാലാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് അറിയിച്ച്‌ ബിസിസിഐ. വൈസ് പ്രസിഡന്റായ രാജീവ് ശുക്ളയാണ് വിവരം അറിയിച്ചത്. അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചതായാണ് രാജീവ് ശുക്ള അറിയിച്ചിരിക്കുന്നത്.

സണ്‍റൈസേഴ്സ് ബാ‌റ്റ്‌സ്‌മാനായ വൃദ്ധിമാന്‍ സാഹയ്‌ക്കും ഡല്‍ഹി ക്യാ‌പിറ്റല്‍സിന്റെ അമിത് മിശ്രയ്‌ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ആദ്യം രോഗം സ്ഥിരീകരിച്ചത് ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്‌റ്റാഫിനാണ്. ഇതിന് പിന്നാലെ കൊല്‍ക്കത്തയുടെ സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിയ്‌ക്കും കൊവിഡ് പോസി‌റ്റീവായി.

വൈകാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് കോച്ച്‌ ലക്ഷ്‌മിപതി ബാലാജിക്കും രോഗം സ്ഥിരീകരിച്ചു. ടീമംഗങ്ങള്‍ അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനിലായതോടെ ചെന്നൈയുടെയും കൊല്‍ക്കത്ത നൈ‌റ്റ് റൈഡേഴ്‌സിന്റെയും അടുത്ത മത്സരങ്ങള്‍ ഇന്നലെ മാ‌റ്റിവച്ചു.

ഇന്ന് കൂടുതല്‍ താരങ്ങള്‍ രോഗത്തിന്റെ നിഴലിലായതോടെ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവയ്‌ക്കുക എന്ന തീരുമാനത്തിലേക്ക് ബിസിസിഐ ഒടുവില്‍ എത്തിച്ചേരുകയായിരുന്നു