പിഎം കെയേഴ്സിലേക്ക് 50000 ഡോളർ സംഭാവന നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. യുണിസെഫ് ഓസ്ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്കാണ് ഈ തുക കമ്മിൻസ് നൽകിയിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ഇന്ത്യയെ കൊവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ കൈകോർക്കും. യുണിസെഫ് ഓസ്ട്രേലിയയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചേർന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങി ഇന്ത്യയിൽ എത്തിക്കാനാവും ഈ തുക ഉപയോഗിക്കുക.

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നത്തെ ആർസിബി-കെകെആർ മത്സരം മാറ്റിവച്ചിരുന്നു. തമിഴ്നാട് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുണിൽ നിന്നാണ് സന്ദീപിന് കൊവിഡ് പകർന്നതെന്നാണ് നിഗമനം.

സന്ദീപ് വാര്യർക്ക് കൊവിഡ് പോസിറ്റീവായതിനു പിന്നാലെ കോൺടാക്ട് ട്രേസിങ് നടത്തുകയും വൈറസിൻ്റെ ഉറവിടം വരുൺ ചക്രവർത്തി ആണെന്ന് കണ്ടെത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. വയറുവേദനയെ തുടർന്ന് വരുണിനെ ആശുപത്രിയിൽ ചില ടെസ്റ്റുകൾക്കായി കൊണ്ടുപോയിരുന്നു. ഈ സമയത്ത് വരുണിൽ വൈറസ് പ്രവേശിച്ചു എന്നാണ് കണക്കുകൂട്ടൽ. വൈറസ് വ്യാപനത്തെ തുടർന്ന് കൊൽക്കത്ത ടീം അംഗങ്ങൾ മുഴുവൻ അഹ്മദാബാദിലെ ഹോട്ടലിൽ ക്വാറൻ്റീനിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച താരങ്ങളെ പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.