മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണം. കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും സി. രഘുനാഥ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതില്‍ ഏറ്റവും അപമാനിതനായ സ്ഥാനാര്‍ത്ഥിയാണ് താന്‍. കെപിസിസി ഓഫിസില്‍ നേതാക്കള്‍ക്ക് ഓശാന പാടുന്നവര്‍ക്കാണ് അംഗീകാരം. ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് വേണ്ടിയിരുന്നതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ധര്‍മ്മടത്ത് മത്സരിക്കണമായിരുന്നു. തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തില്‍ പോരായ്മകള്‍ ഉണ്ടായി. കെപിസിസി നേതൃത്വം തന്നെ പരസ്യമായി അപമാനിച്ചു. കെപിസിസി നേതൃത്വത്തിനെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്നും സി രഘുനാഥ് കൂട്ടിച്ചേര്‍ത്തു.