ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപിലെ രണ്ട് കളിക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ലീഗിലെ മത്സരങ്ങള്‍ പുനക്രമീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീഷണി വര്‍ധിക്കുമ്ബോഴും പിന്നോട്ടില്ലെന്നും ഐപിഎല്‍ തുടരുമെന്നുമുള്ള നിലപാടാണ് ഐപിഎല്‍ ടീമുകള്‍ പ്രകടിപ്പിക്കുന്നത്.

കെ‌കെ‌ആറിന്റെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടി 20 ലീഗിനായി തയ്യാറാക്കിയ കര്‍ശനമായ ബയോ ബബിള്‍ എങ്ങനെയാണ് ലംഘിക്കപ്പെട്ടതെന്ന് ഇത് സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാത്ത വിദേശ കളിക്കാര്‍ക്കിടയിലെ ആശങ്ക വര്‍ധിക്കാനും ഇത് കാരണമായി.
“ടൂര്‍ണമെന്റിന്റെ പകുതി പൂര്‍ത്തിയാക്കിയ ശേഷം ഇനി തിരിച്ചുപോകുന്നില്ല. കെ‌കെ‌ആറിലെ പോസിറ്റീവ് കേസുകള്‍ ബി‌സി‌സി‌ഐയുടെ ജോലി കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കുന്നു, “ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ പി‌ടി‌ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

“ഒരു കളിക്കാരനെ സ്കാന്‍ ചെയ്യാനായി ബബിളിനു പുറത്ത് കൊണ്ടുപോയതിനാലാണ് രോഗം ബാധിച്ചതെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതിനാല്‍, അത് ബബിളിന് പുറത്ത് സംഭവിച്ചതാവാം. എനിക്കറിയാവുന്നിടത്തോളം എല്ലാവരും ബിസിസിഐ തയ്യാറാക്കിയ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. അവിടെ യാതൊരു ലംഘനവുമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ടീമുകളെ വൈറസ് ബാധിക്കാത്ത കാലത്തോളം ടൂര്‍ണമെന്റ് തുടരണമെന്ന് മറ്റൊരു ടീം ഉദ്യോഗസ്ഥന്‍ പറഞ്ഞു. “ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നാലും, എത്രനേരം പിടിച്ചുനില്‍ക്കാനാകും? പോസിറ്റീവ് കേസുകള്‍ വന്നവരെ മാറ്റിനിര്‍ത്തി കളിക്കുന്നത് തുടരുക എന്നതാണ് ഏക മാര്‍ഗം. കളിക്കാര്‍ ഇപ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ഉത്കണ്ഠാകുലരാണ്, പക്ഷേ അത് പ്രധാനമായും അവര്‍ എങ്ങനെ നാട്ടിലേക്ക് മടങ്ങും എന്നതിനെക്കുറിച്ച്‌ ഉറപ്പില്ലാത്തതുകൊണ്ടാണ്, “ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. ഐ‌പി‌എല്ലില്‍ മത്സരിക്കുന്ന ധാരാളം കളിക്കാര്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

യാത്രാ നിരോധനം പ്രാബല്യത്തില്‍ വരുന്നതിനുമുമ്ബ് ഓസ്‌ട്രേലിയയുടെ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ തുടങ്ങിയ ചില വിദേശ കളിക്കാര്‍ തിരികെപോയിരുന്നു. എന്നാല്‍ വിദേശ താരങ്ങളില്‍ ഭൂരിഭാഗവും ഐപിഎല്ലില്‍ തുടരുകയാണ്.

“നമുക്കെല്ലാവര്‍ക്കും ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാന്‍ ബിസിസിഐയെ അനുവദിക്കണം. കെ‌കെ‌ആറിലെ കേസുകളെ തുടര്‍ന്ന് എന്തുചെയ്യണം എന്നതിനെക്കുറിച്ച്‌ വളരെയധികം അഭിപ്രായങ്ങളുന്നയിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് നയിക്കും, “ഒരു ടീമിന്റെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഇതിനകം തന്നെ അവരുടെ കളിക്കാരെ ദിവസേന പരിശോധിക്കുന്നുണ്ട്. മറ്റ് ടീമുകള്‍ കെകെആറിലെ കേസുകളുടെ പശ്ചാത്തലത്തില്‍ ഈ മാര്‍ഗം പിന്തുടരാന്‍ സാധ്യതയുണ്ട്.

കൊല്‍ക്കത്ത താരങ്ങളോട് റൂമില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡല്ഹി കാപിറ്റല്‍സ് പോലുള്ള ടീമുകള്‍ തിങ്കളാഴ്ചത്തെ സംഭവത്തിന് ശേഷം സപ്പോട്ട് സ്റ്റാഫ് അടക്കമുള്ളവരോട് അവരുടെ മുറികളില്‍ കഴിയാന്‍ നിര്‍ദേശിച്ചു. നാല് ദിവസം മുമ്ബ് കൊല്‍ക്കത്തയും ഡല്‍ഹിയും തമ്മിലുള്ള മത്സരം നടന്ന പശ്ചാത്തലത്തിലാണ് ഇത്.

“വാര്‍ത്തയെത്തുടര്‍ന്ന്, ഞങ്ങളുടെ മുറികളില്‍ താമസിക്കാനും പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. പുറത്തുള്ള സാഹചര്യം ഭയാനകമാണെന്നും ഐ‌പി‌എല്‍ ബയോ ബബിള്‍ ഈ സമയത്ത് കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷമാണെന്നും കളിക്കാര്‍ക്ക് നന്നായി അറിയാം, “ഒരു പ്രമുഖ ഫ്രാഞ്ചൈസിയുടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗം പറഞ്ഞു.

കളിക്കാര്‍ക്കിടയില്‍ വളരെയധികം ഉത്കണ്ഠയുണ്ടെന്ന് ഒരു മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. “കളിക്കാര്‍ക്കിടയില്‍ വളരെയധികം ഉത്കണ്ഠയുണ്ട്. എല്ലാ രണ്ടാം ദിവസവും ഞങ്ങളെ പരിശോധിക്കുന്നുണ്ടെങ്കിലും രാജ്യത്തെ സ്ഥിതിഗതികള്‍ നോക്കുമ്ബോള്‍, നിങ്ങള്‍ പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ അടുത്തത് എന്താണെന്ന് നിങ്ങള്‍ എല്ലായ്പ്പോഴും ഭയപ്പെടുന്നു, “അദ്ദേഹം പറഞ്ഞു.

“ഞങ്ങള്‍ അവിടെ പിടിച്ച്‌ നില്‍ക്കുകയാണ്, പക്ഷേ നിങ്ങള്‍ക്ക് ഭീതിയുടെ ഘടകത്തെ നിരാകരിക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.