പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും ഇടംനൽകിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് എൽഡിഎഫ് നേതൃത്വം. നാളെ രാവിലെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾക്കും നീക്കമുണ്ട്. പത്തുദിവസത്തിനുള്ളിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

ഒന്നാം പിണറായി സർക്കാരിലെ 20 മന്ത്രിമാരിൽ 13ഉം സിപിഐഎം ആയിരുന്നു. സിപിഐയുടേത് നാല്. ഈ നിലയിൽ ഏതെങ്കിലും മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സിപിഐഎം വൃത്തങ്ങൾ നൽകുന്ന സൂചന. കേരളാ കോൺഗ്രസ് എം രണ്ടു മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടാലും ഒന്നുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പകരം ഒരു കാബിനറ്റ് പദവി കൂടി അനുവദിച്ചേക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രധാന ചർച്ച മന്ത്രിസ്ഥാന വിഭജനം തന്നെയായിരിക്കും. സെക്രട്ടേറിയറ്റംഗങ്ങളിൽ ആരൊക്കെ മന്ത്രിമാരാകണമെന്ന കാര്യത്തിലും ധാരണയാകും. വിജയിച്ച എട്ടുപേരിൽ പിണറായി വിജയൻ, കെകെ ശൈലജ എന്നിവർക്കു പുറമെ എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പ്. എംഎംമണി, ടിപി രാമകൃഷ്ണൻ എന്നിവർക്ക് രണ്ടാമൂഴം നൽകണമോയെന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളുണ്ടാകും.

മുൻ മന്ത്രിമാരായ എസി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ കാര്യത്തിലും പിണറായിയുടെ നിലപാടായിരിക്കും നിർണായകം. എംബി രാജേഷ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, മുഹമ്മദ് റിയാസ്, ഡോ ആർ. ബിന്ദു, വീണാ ജോർജ്, കാനത്തിൽ ജമീല തുടങ്ങിയവരിൽ നിന്നായിരിക്കും മറ്റു മന്ത്രിമാർ. ആർക്കൊക്കെ നറുക്കുവീഴുമെന്നത് കാത്തിരുന്നു കാണണം. എൻസിപിക്കും ജെഡിഎസിനും ഒരോ മന്ത്രിസ്ഥാനങ്ങൾ ഉറപ്പാണ്. എന്നാൽ ഒരു അംഗം മാത്രമുള്ള പാർട്ടികളിൽ ആർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമോയെന്ന കാര്യത്തിലും സിപിഐഎം നിലപാടാണ് നിർണായകം. രണ്ടുദിവസത്തിനകം ഇടതുമുന്നണി യോഗം ചേർന്നായിരിക്കും തുടർനടപടികളിലെ ചർച്ച.