യുഎസിലെ കേൺ കമ്യൂണിറ്റി കോളജ് ‍‍ഡിസ്ട്രിക്ട് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളിയായ ഡോ.സോണിയ ക്രിസ്ത്യന്‍. കൊല്ലത്ത് ദന്തരോഗവിദഗ്ധനായിരുന്ന ഡോ.പോൾ ക്രിസ്ത്യന്റെയും പാം ക്രിസ്ത്യന്റെയും മകളാണ് സോണിയ. സമീപകാലത്ത് കമ്യൂണിറ്റി കോളജുകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്ര ഉന്നതമായ ഒരു അക്കാദമിക് പദവിയിലേക്ക് ഒരു മലയാളി എത്തുന്നത്.

കലിഫോർണിയ ബേക്കർസ്‌ഫീൽഡ് കോളജ്, സെറോ കോസോ കമ്യൂണിറ്റി കോളജ്, പോർട്ടർവില്ലെ കോളജ് എന്നിവയടങ്ങിയതാണു കെന്റ് കമ്മ്യൂണിറ്റി കോളജ് ഡിസ്ട്രിക്ട്. ഈ മൂന്നു കോളജിലെയും പ്രസിഡന്റുമാരും ബോർഡ് ഓഫ് ട്രസ്റ്റീസും തമ്മിലും സഹകരണം ഉറപ്പുവരുത്തി സുഗമമായ പ്രവർത്തനം സാധ്യമാക്കുകയാണു തന്റെ പ്രധാന ദൗത്യമെന്നു സോണിയ പറയുന്നു. 30 കോടി യുഎസ് ഡോളർ ബജറ്റുള്ളതാണ് കെന്റ് കമ്യൂണിറ്റി ഡിസ്ട്രിക്ട്. പൊതുഫണ്ടിങ്ങോടെയാണ് ഇതിലെ കോളജുകൾ പ്രവർത്തിക്കുന്നത്.

രണ്ടു സഹോദരൻമാരും ഒരു സഹോദരിയും സോണിയയ്ക്കുണ്ട്. ഇവരിൽ ഒരു സഹോദരനായ ഡോ.കെവിൻ ക്രിസ്ത്യൻ ഒഴികെ ബാക്കിയെല്ലാവരും യുഎസിലാണ്. പിതാവിന്റെ ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തു നടത്തുകയാണ് ഡോ. കെവിൻ. കൊല്ലത്തുള്ള സഹോദരനുമായി സ്ഥിരം ആശയവിനിമയം നടത്താറുണ്ടെന്നും, ഈ സഹോദരൻ ഏറ്റെടുത്തു നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളിലൊക്കെ വിളിച്ച് അഭിനന്ദനം പറയാറുണ്ടെന്നും സോണിയ പറയുന്നു.

കത്തോലിക്ക് സ്കൂളിൽ പഠിച്ച സോണിയ ഹൈസ്കൂൾ പഠനത്തിനായി പോയത് തങ്കശേരി മൗണ്ട് കാർമൽ കോൺവെന്റിലാണ്. കേരള സർവകലാശാലയുടെ കീഴിലുള്ള ഫാത്തിമ മാതാ കോളജിൽ നിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സോണിയ, മാസ്റ്റേഴ്സ് പഠനത്തിനായാണ് യുഎസിൽ എത്തിയത്. എൺപതുകളിലായിരുന്നു അത്. ലൊസാഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽ നിന്നു മാസ്റ്റേഴ്സ് ബിരുദവും തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്ന് ഡോക്ടറേറ്റും നേടി. ഇതിനു ശേഷമാണു ടീച്ചിങ്ങിലേക്കു കടക്കാനുള്ള തീരുമാനമെടുത്തത്. ഒരു വിദ്യാർഥിയെ തീർത്തും മാറ്റിമറിക്കാനുള്ള വിദ്യാഭ്യാസത്തിന്റെ കഴിവാണ് തനിക്ക് ഈ മേഖല തിരഞ്ഞെടുക്കാൻ പ്രചോദനമേകിയതെന്നു സോണിയ പറയുന്നു.

തുടർന്നാണ് ബേക്കേഴ്സ്ഫീൽഡ് കോളജിൽ സോണിയ തന്റെ കരിയർ തുടങ്ങിയത്. 1991ൽ ഒരു ഗണിത അധ്യാപികയായായിരുന്നു അരങ്ങേറ്റം. തുടർന്ന് അഡ്മിനിസ്ട്രേഷൻ രംഗത്തേക്കു മാറി. സയൻസ്, എൻജിനീയറിങ്, അലൈഡ് ഹെൽത്ത്, മാത്‌സ് തുടങ്ങിയ വിഷയങ്ങളുടെ ഡീനായി പ്രവർത്തിച്ചു. 2003ൽ ബേക്കേഴ്സ്ഫീൽഡ് കോളജ് വിട്ടശേഷം ഓറിഗണിലെ യൂജീനിലുള്ള ലേൻ കമ്മ്യൂണിറ്റി കോളജിൽ ഉന്നത അ‍ഡ്മിനിസ്ട്രേഷൻ തസ്തികയിലേക്കു സോണിയ കൂടുമാറി. എന്നാൽ 2013ൽ ബേക്കേഴ്സ്ഫീൽഡ് കോളജിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതയായിക്കൊണ്ട് സോണിയ മാതൃസ്ഥാപനത്തിലേക്കു തിരികെ വന്നു.

സോണിയ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം കോളജില്‍ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം കുതിച്ചുയർന്നു. മികച്ച പ്രഫഷനലിസത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പദ്ധതികൾ മൂലം 40000 വിദ്യാർഥികളോളം കോളജിൽ ചേർന്നെന്ന് സോണിയ പറയുന്നു. പ്രസിഡന്റായുള്ള മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ഇപ്പോൾ സ്വപ്നതുല്യമായ പുതിയ പദവി സോണിയയെ തേടിയെത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങളും ആശങ്കകളും മനസ്സിലാക്കാനുള്ള തന്റെ കഴിവിനാണ് ഈ വിജയത്തിൽ സോണിയ ക്രെഡിറ്റ് നൽകുന്നത്. ഈ കഴിവു കൊണ്ടാണ് പല അവസരങ്ങളും തന്നെത്തേടിയെത്തിയതെന്നും ഇവർ പറയുന്നു.

1913 ൽ സ്ഥാപിതമായ കോളജാണ് ബേക്കേഴ്സ്ഫീൽഡ് കോളജ്. പല കമ്യൂണിറ്റി കോളജുകളെയും പോലെ അസോഷ്യേറ്റ് ഡിഗ്രികളും ഡിപ്ലോമകളുമാണു കോളജ് നൽകുന്നത്. റെനിഗേഡ്സ് എന്നാണ് ഈ കോളജിലുള്ളവർ പുറത്തറിയപ്പെടുന്നത്.കലിഫോർണിയയിൽ 153 ഏക്കർ വിസ്തീർണം വരുന്ന ക്യാംപസിലാണു കോളജ് സ്ഥിതി ചെയ്യുന്നത്.