മലപ്പുറം: മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ രാഷ്​ട്രീയമായി ഏറെ വേ​ട്ടയാടപ്പെട്ടയാളാണ്​ താനെന്ന് നിലമ്ബൂര്‍ മണ്ഡലത്തില്‍നിന്ന്​ വിജയിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി പി.വി. അന്‍വര്‍.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെയും മുസ്​ലിം ലീഗിലെയും നേതാക്കളുടെ ഉറക്കം കെടുത്താന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്​. വ്യക്​തിപരമായി തകര്‍ക്കുകയാണ്​ അവരുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ക്ക്​ മുന്നില്‍ താന്‍ കൊള്ളക്കാരനായും മലയിടിക്കുന്നവനായും അവര്‍ ചിത്രീകരിക്കുന്നുണ്ടാകും. പക്ഷെ, അതൊന്നും നിലമ്ബൂരിലെ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ സഹായിച്ചാണ്​ താന്‍ വിജയിച്ചത്​. അതില്‍ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
മന്ത്രിസഭയില്‍ അംഗമാകാന​ല്ല മത്സരിച്ചത്​. മത്സരിക്കുക, പെ​ട്ടെന്ന്​ മന്ത്രിയാകുക എന്നത്​ യു.ഡി.എഫ്​ സംസ്​കാരമാണ്​​. ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന ചോദ്യം പതിവായി വരുന്നത്​ യു.ഡി.എഫ്​ പ്രവര്‍ത്തകരില്‍നിന്നുമാണ്​. അങ്ങനെയൊരു ചോദ്യം എല്‍.ഡി.എഫ്​ പ്രവര്‍ത്തകരില്‍നിന്ന്​ ഒരിക്കലും ഉയരില്ല. നാടിന്‍റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ്​ പാര്‍ട്ടി തന്നെ നിയോഗിച്ചത്​. ആ ഉത്തരവാദിത്വമാണ്​ നിറവേറ്റിയത്​.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്​ പ്രവര്‍ത്തകരുടെയടക്കം സഹായം തനിക്ക്​ ലഭിച്ചെന്ന്​ പി.വി. അന്‍വര്‍ അഭിപ്രായപ്പെട്ടു. നിലമ്ബൂരില്‍ കഴിഞ്ഞതവ​ണത്തേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞതിന്​ കാരണം അറിയണമെങ്കില്‍ ബി.ജെ.പിയുടെ വോട്ട്​ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.