പശ്ചിമബംഗാളില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മമതാ ബാനര്‍ജി. ‘നന്ദിഗ്രാമിലെ പരാജയത്തെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട്. അതിനെതിരെ കോടതിയെ സമീപിക്കും’ എന്ന് മമത പറഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ നന്ദിഗ്രാം മമത പിടിച്ചെടുക്കുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും അവസാന നിമിഷം വിജയം കൈവിട്ടു. കര്‍ഷകരെ കുടിയൊഴുപ്പിക്കുന്നതിനെതിരായി സിംഗുവിലും നന്ദിഗ്രാമിലും നടന്ന പ്രക്ഷോഭങ്ങളില്‍ മമത മുന്‍നിരയിലുണ്ടായിരുന്നു. ഈ രണ്ടിടങ്ങളിലെയും വോട്ട് തന്നെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് മമത പറഞ്ഞിരുന്നു. റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രസേനയ്ക്ക് എതിരെ മമത നടത്തിയ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായി.

‘ബംഗാളിന് വേണ്ടത് സ്വന്തം മകളെയാണ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് വികസന നേട്ടങ്ങളെക്കാള്‍ ബിജെപിയുടെ വെല്ലുവിളികളെ ചെറുത്തുനില്‍ക്കാനാണ് ശ്രമിച്ചത്.

മമത എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് തന്നെ കര്‍ഷക കുടിയൊഴിപ്പിക്കലിന് എതിരെ നടത്തിയ പോരാട്ടങ്ങളാണ്. 2007ല്‍ നന്ദിഗ്രാമിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതോടെ സിപിഐഎമ്മിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. പിന്നീട് നടന്ന 2011ലെയും 2016ലെയും തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വന്‍ വിജയം നേടി.

പ്രക്ഷോഭ നിരയില്‍ മമതയ്ക്കൊപ്പം ഉണ്ടായിരുന്ന തൃണമൂലിന്റെ ഉന്നത നേതാവായ സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് തെരഞ്ഞെടുപ്പിന് മുന്‍പാണ്. ഇതോടെ കാലങ്ങളായി സുവേന്ദു മത്സരിക്കുന്ന നന്ദിഗ്രാമില്‍ മമത എതിര്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.

പശ്ചിമ ബംഗാളിലെ വലിയ വിജയത്തേക്കാള്‍ നന്ദിഗ്രാമിലെ പരാജയം മമതയ്ക്ക് കനത്ത തിരിച്ചടിയാണ്. നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. 78 സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ ഇടത് മുന്നണിയും വിജയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1200 വോട്ടിനാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ ജയിച്ചത്.