ഡാലസ് ∙ കേരളത്തിലെ വാശിയേറിയ നിയമസഭാ തിരെഞ്ഞെടുപ്പിൽ പ്രബുദ്ധരായ വോട്ടർമാർ പിണറായി സർക്കാരിനു തുടർ ഭരണത്തിനനുമതി നൽകിയതിൽ അഭിമാനിക്കുകയും എൽഡിഎഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിലേക്കു നയിക്കുന്നതിന് മുൻ നിരയിൽ നിന്ന് നേതൃത്വം നൽകുകയും ചെയ്ത ക്യാപ്റ്റൻ പിണറായി വിജയനെ അഭിനന്ദിക്കുകയും പുതിയതായി ചുമതലയേൽക്കുന്ന കേരള ഗവൺമെന്റിന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്യുന്നതായി ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സാസ് ചാപ്റ്റർ പ്ര സിഡന്റുമായ സണ്ണി മാളിയേക്കൽ അറിയിച്ചു.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണായക നാഴികക്കല്ലായ ഈ വിജയം മാനവരാശി മഹാമാരിയുടെ കടന്നുപോകുന്ന സാഹചര്യത്തിൽ മനുഷ്യന് ഉപകാരപ്രദമായ രീതിയിൽ ഭരണം കാഴ്ചവെക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ലഭിച്ച വ്യക്തമായ ഭൂരിപക്ഷം കഴിഞ്ഞ നാലു വർഷത്തെ പ്രത്യേക ഭരണത്തിന് അംഗീകാരമായി തന്നെ കണക്കിലെടുക്കണം. കക്ഷി രാഷ്ട്രീയ സാമുദായിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ ഭരണ സംവിധാനത്തെ സഹായിക്കേണ്ടത് പ്രവാസികളായി കഴിയുന്ന നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും സണ്ണി പറഞ്ഞു.