സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് നേടിയത്. 124 റൺസടിച്ച ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി ക്രിസ് മോറിസ് 3 വിക്കറ്റ് വീഴ്ത്തി.

ജോസ് ബട്‌ലറിൻ്റെ സെഞ്ചുറിയായിരുന്നു രാജസ്ഥാൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. 12 റൺസെടുത്ത യശസ്വി ജയ്സ്വാൾ മൂന്നാം ഓവറിൽ പുറത്തായപ്പോൾ റൺസ് വെറും 17. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ അടിച്ച് തുടങ്ങിയ സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റിൽ ബട്‌ലർ ക്രീസിലുറച്ചു. ആദ്യ ഘട്ടത്തിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ബട്‌ലറുടെ ഇന്നിംഗ്സിനെ മറച്ചുനിർത്തിയത് സഞ്ജുവിൻ്റെ ഇന്നിംഗ്സായിരുന്നു. സാവധാനം ബട്‌ലർ ഫോമിലെത്തി. 39 പന്തുകളിൽ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ബട്‌ലർ വിശ്വരൂപം പൂണ്ടു. ബൗണ്ടറികളും സിക്സറുകളും ബട്‌ലറുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു. ഇതിനിടെ സഞ്ജു (48) പുറത്തായി. വിജയ് ശങ്കറിനായിരുന്നു വിക്കറ്റ്. ബട്‌ലർക്കൊപ്പം 150 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് സഞ്ജു മടങ്ങിയത്.

വിക്കറ്റ് നഷ്ടമായതൊന്നും ബട്‌ലറെ ബാധിച്ചില്ല. 56 പന്തുകളിൽ ബട്‌ലർ തൻ്റെ ആദ്യ ഐപിഎൽ സെഞ്ചുറി തികച്ചു. ആദ്യ ഫിഫ്റ്റി 39 പന്തുകളിലെങ്കിൽ രണ്ടാം ഫിഫ്റ്റി വെറും 16 പന്തുകളിൽ. സെഞ്ചുറിക്ക് ശേഷവും മർദ്ദനം തുടർന്ന ബട്‌ലർ ഒടുവിൽ സന്ദീപ് ശർമ്മയുടെ ഇരയായി മടങ്ങി. 64 പന്തുകളിൽ 11 ബൗണ്ടറിയും 8 സിക്സറും സഹിതം 124 റൺസ് എടുത്തതിനു ശേഷമായിരുന്നു ബട്‌ലർ പുറത്തായത്. റിയൻ പരഗും (15) ഡേവിഡ് മില്ലറും (7) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ മനീഷ് പാണ്ഡെയും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിനു നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അവർ 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. തൊട്ടടുത്ത ഓവറിൽ മനീഷ് പാണ്ഡെ (31) പുറത്ത്. മുസ്തഫിസുറിനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ബെയസ്റ്റോയും (30) മടങ്ങി. രാഹുൽ തെവാട്ടിയ ആണ് ബെയർസ്റ്റോയെ പുറത്താക്കിയത്. 8 റൺസെടുത്ത വിജയ് ശങ്കരെ മോറിസ് പുറത്താക്കിയപ്പോൾ 21 പന്തിൽ 20 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ കാർത്തിക് ത്യാഗിക്ക് മുന്നിൽ വീണു. ചില കൂറ്റൻ ഷോട്ടുകളുമായി മുഹമ്മദ് നബി (17) ശ്രമിച്ചെങ്കിലും മുസ്തഫിസുർ അഫ്ഗാൻ താരത്തെ മടക്കി. അബ്ദുൽ സമദ് (10), കേദാർ ജാദവ് (19) എന്നിവരെ ഒരു ഓവറിൽ വീഴ്ത്തിയ ക്രിസ് മോറിസ് ഹൈദരാബാദിനെ കൂറ്റൻ പരാജയത്തിലേക്ക് തള്ളിവിട്ടു. റാഷിദ് ഖാൻ (0) മുസ്തഫിസുറിനു മുന്നിൽ വീണു. ഭുവനേശ്വറും (14), സന്ദീപ് ശർമ്മയും (8) പുറത്താവാതെ നിന്നു.