അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ, ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്ക് വിജയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രധാന തന്ത്രജ്ഞയായ ശർമ്മ കോൺഗ്രസിന്റെ റോമൻ ചന്ദ്ര ബോർത്താകൂറിനെയാണ് പരാജയപ്പെടുത്തിയത്.

അഞ്ചാം തവണയും ഈ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയെന്നത് തന്റെ ഭാഗ്യമാണ്. ജാലുക്ബാരിയിലെ ജനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എന്നിവരോട് തന്റെ നന്ദി അറിയിക്കുന്നുവെന്നും ഹിമാന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു.

അസം വോട്ടെടുപ്പ് ഫലത്തെ തുടർന്ന് ആഘോഷങ്ങളൊന്നും നടത്തരുതെന്ന് പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ശർമ്മ ആവശ്യപ്പെട്ടു. “അസം തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുശേഷം, എല്ലാവരോടും സംയമനം പാലിക്കണമെന്നും ആഘോഷങ്ങൾക്ക് ഒത്തുചേരരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ കൊവിഡ് -19 പാൻഡെമിക്കിന്റെ നടുവിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ യുദ്ധത്തെ മുന്നിൽ നിന്ന് നയിക്കുന്നതിനെക്കുറിച്ച് ഓർക്കണമെന്നും” അദ്ദേഹം ട്വീറ്റ് ചെയ്തു.

2016 ലെ അസം തെരഞ്ഞെടുപ്പിൽ ഹിമാന്ത ബിശ്വ ശർമ്മ 85,935 വോട്ടുകൾക്ക് ജാലുക്ബാരി സീറ്റിൽ വിജയിച്ചിരുന്നു.