കണ്ണൂര്‍∙ കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞത്. കേരളത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം. ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്കു വിശ്വാസമുണ്ട്. അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള വിശ്വാസമാണതെന്നും ണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് തുടര്‍ഭരണം വേണമെന്ന് അവര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.