നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. എല്‍ഡിഎഫ് 98 സീറ്റുകളിലും യുഡിഎഫ് 41 സീറ്റുകളിലും എന്‍ഡിഎ ഒരു സീറ്റിലുമാണ് മുന്നേറുന്നത്. ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയാല്‍ 44 വര്‍ഷത്തെ ചരിത്രമായിരിക്കും തിരുത്തുക.

എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. കാസര്‍ഗോഡ് അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂരില്‍ ഇരിക്കൂരും പേരാവൂരും ഒഴികെ ബാക്കിയെല്ലാം ചുവക്കുന്ന കാഴ്ചയാണുള്ളത്. വയനാട്ടില്‍ മാനന്തവാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കോഴിക്കോട് വടകരയും കുറ്റ്യാടിയും കൊടുവള്ളിയും ഒഴികെ ബാക്കി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തരംഗം. മലപ്പുറത്ത് പതിമൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നില്‍. പാലക്കാടും തൃശൂരും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞടിക്കുന്നത്.