കോട്ടയം ∙ മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (തമ്പാൻ–91) അന്തരിച്ചു. സംസ്കാരം പിന്നീട്. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടിൽ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മ(മിസിസ് വർഗീസ് മാപ്പിള)യാണ് മാതാവ്. 1930 മാർച്ച് 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടമൊബീൽ എൻജിനീയറിങ് പഠനത്തിനു ശേഷം മലബാറിലെ കുടുംബവക എസ്റ്റേറ്റുകളുടെ ചുമതല ഏറ്റെടുത്തു. 1955ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു; 1965ൽ ജനറൽ മാനേജരും 1973ൽ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.

ബ്രിട്ടൻ, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ അച്ചടി, പത്രപ്രവർത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി. ആധുനിക അച്ചടി സാങ്കേതികവിദ്യയിൽ അവഗാഹമുള്ള അദ്ദേഹം കേരള സർക്കാരിന്റെ ലിപി പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.

ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) പ്രസിഡന്റ് (1981–82), ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എബിസി) ചെയർമാൻ (1988-89) എന്നീ പദവികൾ വഹിച്ചു. എൽഐസി ദക്ഷിണമേഖല ഉപദേശക സമിതി അംഗമായിരുന്നു. റോട്ടറി പ്രസ്ഥാനത്തിൽ സജീവമായിരുന്ന അദ്ദേഹം വിവിധ സാമൂഹികക്ഷേമ പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി, വർക്കിങ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. മുണ്ടകപ്പാടം മന്ദിരം ആശുപത്രിയുടെ മുൻ ചെയർമാനാണ്.

ഭാര്യ: മലങ്കര ഓർത്തഡോക്സ് സഭാ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടിൽ കുര്യൻ ഏബ്രഹാമിന്റെ മകൾ പരേതയായ അന്നമ്മ. മക്കൾ: താര, റോഷിൻ, മാമി, സൂസൻ, അശ്വതി. മരുമക്കൾ: കൊട്ടാരത്തിൽ മേടയിൽ അരുൺ ജോസഫ്, കുളങ്ങര കെ.പി. ഫിലിപ്പ്, കളരിക്കൽ കെ. കുര്യൻ, രാമകൃഷ്ണൻ നാരായണൻ. കണിയാന്തറ ജി.കെ.ഒ ഫിലിപ്സിന്റെ ഭാര്യ സോമ സഹോദരിയാണ്.