മലപ്പുറം∙ ജില്ലയിലെ 55 പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു പ്രഖ്യാപിച്ച ആറു പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. മേയ് 14 വരെ നിരോധനം തുടരും. എടരിക്കോട്, ഒഴൂര്‍, കരുളായി, കാവനൂര്‍, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാനത്തെ രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണം. പൊലീസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുത്തു. മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും നിയന്ത്രണം കടുപ്പിച്ചു.

കോഴിക്കോട് നഗരത്തിലേക്ക് എത്തുന്ന മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അത്യാവശ്യക്കാരല്ലാത്തവരെ തിരിച്ചയച്ചു. രാവിലെ എത്തിയ ആളുകളെ മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചുവെങ്കില്‍ പിന്നീട് വന്നവരില്‍നിന്ന് പിഴ ഈടാക്കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് പൊലിസിന് ലഭിച്ച നിര്‍ദേശം.

കൊച്ചിയിലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ശനിയും ഞായറും കൊച്ചിയില്‍ ഇറങ്ങിയ വാഹനങ്ങളുടെ എണ്ണം നിയന്ത്രണാധീതമായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മാറി. വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങായി കുറഞ്ഞു. മാര്‍ക്കറ്റുകള്‍ ഭാഗികമായി അടച്ചു. തിരുവനന്തപുരത്തെ മിക്ക ടൗണുകളിലും ബാരിക്കേഡുകള്‍ നിരത്തി പൊലിസ് പരിശോധന കര്‍ശനമാക്കി. വോട്ടെണ്ണല്‍ ദിനമായ നാളെ ആളുകള്‍ റോഡിലേയ്ക്ക് ഇറങ്ങാനുള്ള സാധ്യത മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.