ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ പോസ്റ്റ് എക്‌സിറ്റ് പോള്‍ സര്‍വേയുടെ തെക്കന്‍ മേഖലാ ഫലങ്ങള്‍ പുറത്തുവിട്ടപ്പോള്‍ തിരുവനന്തപുരത്ത് ഇടതിന് നേട്ടം. പതിനാല് നിയമസഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് 10 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രചനം. യുഡിഎഫിന് രണ്ട് മുതല്‍ മൂന്ന് സീറ്റുകളില്‍ വരെ മാത്രമാണ് ജില്ലയില്‍ മുന്‍തൂക്കമുള്ളത്. എന്‍ഡിഎ ഒന്ന് മുതല്‍ രണ്ട് വരെ സീറ്റുകള്‍ നേടാം.

ഏറെ ശ്രദ്ധയാകര്‍ഷിച്ച നേമത്ത് നേരിയ മുന്‍തൂക്കം കെ.മുരളീധരനാണെന്ന് സര്‍വേയില്‍ പറയുന്നു. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മത്സരം നടക്കുമ്ബോള്‍ എല്‍ഡിഎഫ് മൂന്നാമതാണ്. കോവളത്ത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. കാട്ടാക്കടയിലും സാധ്യത എല്‍ഡിഎഫിനാണ്.

ഐ ബി സതീഷ് മുന്നിലെന്ന് സര്‍വ്വേയില്‍ പറയുന്നു. പാറശ്ശാലയിലും എല്‍ഡിഎഫിന്റെ സി കെ ഹരീന്ദ്രനാണ് മുന്നില്‍. എന്നാല്‍ മത്സരം അരുവിക്കരയില്‍ പ്രവചനാതീതമാണ്. ഇവിടെയും ഇഞ്ചോടിഞ്ച് മത്സരമാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ വി എസ് ശിവകുമാര്‍ തന്നെയാണ് മുന്നില്‍.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വി.കെ.പ്രശാന്ത് മുന്നിലെത്തുമ്ബോള്‍ ബിജെപി രണ്ടാമത് വരും. കഴക്കൂട്ടത്ത് നേരിയ മുന്‍തൂക്കം കടകംപള്ളിക്കാണ്. ശോഭാസുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തുമ്ബോള്‍ എസ് എസ് ലാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടും. വാമനപുരംത്ത് ഇടത് മുന്നണിയുടെ ഡി കെ മുരളിക്കും, നെടുമങ്ങാട് മണ്ഡലത്തില്‍ ജി ആര്‍ അനിലിനും മുന്‍തൂക്കം.

ചിറയിന്‍കീഴില്‍ ഇടതിന്റെ വി ശശിക്ക് ജയസാധ്യതെ. യുഡിഎഫിന്റെ ബി എസ് അനൂപ് പിന്തളപ്പെടും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുന്‍തൂക്കം ഒ എസ് അംബികയ്ക്കും വര്‍ക്കലയില്‍ വി ജോയിക്കും മുന്‍തൂക്കമെന്നും ഏഷ്യാനെറ്റ് സര്‍വേയില്‍ പറയുന്നു.

കൊല്ലം

കൊല്ലം ജില്ലയില്‍ യുഡിഎഫ് കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം പറയുന്നു. നാല് മുതല്‍ അഞ്ച് സീറ്റ് വരെ യുഡിഎഫ് നേടാം. എന്നാല്‍ മുന്‍തൂക്കം എല്‍ഡിഎഫിന് തന്നെയാണ്. ആറ് മുതല്‍ ഏഴ് സീറ്റ് വരെയാണ് പ്രവചനം.
കുണ്ടറയില്‍ അട്ടിമറി സംഭവിക്കാം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ കോണ്‍ഗ്രസിന്റെ പി സി വിഷ്ണുനാഥ് തോല്‍പ്പിക്കുമെന്നാണ് പ്രവചനം.

കൊല്ലം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എം മുകേഷ് തന്നെയാണ് മുന്നില്‍. ബിന്ദുകൃഷ്ണ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെടും. പത്തനാപുരം മണ്ഡലത്തില്‍ കെ ബി ഗണേശ് കുമാര്‍ തന്നെയാണ് മുന്നില്‍. ചാത്തന്നൂരില്‍ ഇടത് മുന്നണിയുടെ ജിഎസ് ജയലാലും എ എന്‍ഡിഎയുടെ ബിബി ഗോപകുമാറും തമ്മിലാണ് കടുത്ത പോരാട്ടം. നേരിയ മുന്‍തൂക്കം മാത്രമാണ് ഇടതിന് ഇവിടെ ഉള്ളത്.

ചടയമംഗലത്ത് ഇടതിന്റെ ജെ ചിഞ്ചുറാണിക്ക് തന്നെ മുന്‍തൂക്കം. പുനലൂരില്‍ സിപിഐയുടെ പി എസ് സുപാല്‍ ജയിക്കുമെന്നാണ് പ്രവചനം.കൊട്ടാരക്കര മണ്ഡലത്തില്‍ കെ എന്‍ ബാലഗോപാല്‍ മുന്നിലാണ്. കുന്നത്തൂര്‍ മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ചവറയില്‍ യുഡിഎഫിന് ഷിബു ബേബി ജോണിനും കരുനാഗപ്പള്ളിയില്‍ യുഡിഎഫിന്റെ സി ആര്‍ മഹേഷിനും മുന്‍തൂക്കമെന്ന് ഏഷ്യാനെറ്റ് സര്‍വേയില്‍ പറയുന്നു.