രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ രോഗികള്‍ക്ക് സഹായവുമായി കന്നഡ നടന്‍ അര്‍ജുന്‍ ഗൗഡ. ബെഗളൂരുവിലെ കോവിഡ് രോഗികളെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായിരിക്കുകയാണ് താരം. കര്‍ണ്ണാടകയില്‍ ദുരിതമനുഭവിക്കുന്നയാളുകളിലെ കോവിഡ് രോഗികളെ എല്ലാവിധത്തിലും സഹായിക്കാനും അവര്‍ക്ക് ചികിത്സയൊരുക്കാനും കന്നഡയിലെ സിനിമാതാരങ്ങള്‍ മുന്നോട്ടുവന്നതിനെ പൊതുജനം ഏറെ കൈയ്യടിയോടെയാണ് സ്വാഗതം ചെയ്യുന്നത്. ഇപ്പോള്‍ അര്‍ജ്ജുന്‍ തന്നെയാണ് എല്ലാ അര്‍ഥത്തിലും കന്നഡിയരുടെ ഗ്ലാമര്‍ താരം
”കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് രോഗികള്‍ക്കായി ഞാന്‍ നിരത്തിലുണ്ട്. നിരവധി ആളുകളെ സഹായിച്ചു. മതമോ, സ്ഥലമോ നോക്കാതെ എല്ലാവരെയും നാം സഹായിക്കണം.
കോവിഡ് രോഗികളെ സഹായിക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും പരിശീലനവും ഞാന്‍ നേടിയിട്ടുണ്ട്. നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി. ഇവിടുത്തെ ജനങ്ങളെ സഹായിക്കുക എന്നത് എന്റെ കടമയാണ്”, അര്‍ജുന്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
പ്രിയങ്ക ചോപ്ര, സോനു സുഡ്, ജോണ്‍ അബ്രാഹം, എസ്‌എസ് രാജമൗലി, തപ്‌സി പന്നു തുടങ്ങി നിരവധി താരങ്ങള്‍ കോവിഡ് രോഗികള്‍ക്കുള്ള സഹായാഭ്യര്‍ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്.