മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍ അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിന് അനുമതി നല്‍കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. യു‌എസിലെ ഗുണനിലവാരത്തിന് അനുസൃതമായി നിര്‍മ്മിച്ചതാണോ വാക്‌സിന്‍ എന്നും സുരക്ഷിതവും ഫലപ്രദവുമാണോ എന്നും ഉറപ്പാക്കുന്നതുവരെ കയറ്റുമതി ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

എഫ്‌ഡി‌എയുടെ സുരക്ഷാ അവലോകനത്തിന് ശേഷം ഇന്ത്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് ആസ്ട്രാസെനെക്ക വാക്‌സിന്‍ ഡോസ് അയക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യു‌എസില്‍‌ അടിയന്തര ഉപയോഗ അംഗീകാരത്തിനായി അസ്ട്രാസെനെക്ക ഇതുവരെ അപേക്ഷിച്ചിട്ടില്ല. വാക്‌സിന്‍റെ സുരക്ഷ അവലോകനം സമഗ്രമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിന് അടിയന്തര ഉപയോഗ അംഗീകാരം ആവശ്യമില്ലെങ്കിലും യു‌എസിന്‍റെ സുരക്ഷ, ഫലപ്രാപ്‌തി, ഉല്‍‌പാദന നിലവാരം എന്നിവ പാലിക്കാത്ത ഒരു വാക്‌സിനും യു‌എസ് കയറ്റുമതി ചെയ്യില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.