കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും റൂം ക്വാറന്റൈനില്‍ കഴിയണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. ഇവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും പരിശോധനാഫലം ലഭിക്കുംവരെ റൂം ക്വാറന്റൈനില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കോവിഡ് പോസിറ്റീവ് ആയാല്‍ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് ഫോണ്‍ വഴി അറിയിക്കണം. ആരോഗ്യ സ്ഥാപനത്തിലേയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ പ്രവര്‍ത്തകരുടേയോ ഫോണ്‍ നമ്ബര്‍ അറിയാത്തവര്‍ നപഞ്ചായത്ത് അധികൃതരെ അറിയിക്കണം. അതിനും കഴിഞ്ഞില്ലെങ്കില്‍ ദിശ 1056 /0471 2552056, 1077, 9188610100, 0471 2779000 ഇവയിലേതെങ്കിലും നമ്ബറിലേക്ക് വിളിക്കുകയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.

രോഗികള്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും അടുത്തുള്ള മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ റൂം ഐസലേഷനില്‍ കഴിയാവുന്നതാണ്. അറ്റാച്ഡ് ബാത്ത് റൂം സൗകര്യമുള്ള പ്രത്യേക മുറിയില്‍ കഴിയണം. അത്തരം സൗകര്യങ്ങള്‍ വീട്ടില്‍ ഇല്ലാത്തവര്‍ക്ക് അതാത് പഞ്ചായത്തുകളില്‍ ഒരുക്കിയിട്ടുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ഉപയോഗിക്കാം.

രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയാണെങ്കില്‍ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം സി.എഫ്.എല്‍.റ്റി.സി കളിലേക്കോ സി.എസ്.എല്‍.റ്റി.സികളിലേക്കോ മാറ്റുന്നതാണ്. മറ്റ് അസുഖ ബാധിതതര്‍ക്കു കോവിഡ് ബാധിച്ചാല്‍ അസുഖത്തിന്റെ തോതനുസരിച്ച്‌ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിക്കുന്നതു പ്രകാരം സി.എഫ്.എല്‍.റ്റി.സിയിലേക്കോ സി.എസ്.എല്‍ .റ്റി.സിയിലേക്കോ അയച്ചു ചികിത്സിക്കും. എന്നാല്‍ ഗുരുതര രോഗബാധിതര്‍ക്ക് കോവിഡ് ബാധിച്ചാല്‍ കോവിഡ് ആശുപത്രികളില്‍ ചികിത്സിക്കുന്നതാണ്. തീവ്ര ലക്ഷണങ്ങളുള്ളവരെയും കോവിഡ് ആശുപത്രിയില്‍ ചികിത്സിക്കും. കോവിഡ് രോഗനിയന്ത്രണത്തിനായി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു